2010 മാര്‍ച്ചില്‍ ടീ എം സിയാദ് ഇന്റെ ബ്ലോഗ് ല്‍ പ്രസിധികരിച്ചത്
വിന്‍ഡോസ് വിസ്റ്റയെ വെറുക്കുന്നവരും വിന്‍ഡോസ് എക്സ് പിയെ അഗാധമായി പ്രണയിക്കുന്നവരുമായ ഒരു കൂട്ടം മാന്യ ഉപയോക്താക്കള്‍ അവരുടെ നീറുന്ന പ്രശ്നത്തിന് പരിഹാരം തേടി നമ്മുടെ ടെക്യാശ്രമത്തില്‍ വന്നു. ഒന്നും രണ്ടുമല്ല, ഒരൊന്നൊന്നര മാസത്തിനുള്ളില്‍ നാലഞ്ചു പേര്.
വാങ്ങിയ ലാപ്ടോപ് കമ്പ്യൂട്ടറുകളില്‍ സ്വതവേ വിന്യസിച്ചിട്ടുള്ള വിന്‍ഡോസ് വിസ്റ്റ എന്ന പ്രവര്‍ത്തന പദ്ധതി (ഓപറേറ്റിംഗ് സിസ്റ്റം) ! കുരിശായി ഭവിച്ചതിന്റെ വ്യാകുലതകളില്‍ നിന്ന് മുക്തി നേടാന്‍ പൂര്‍വ്വാശ്രമത്തിലെ എക്സ് പി എന്ന പ്രവര്‍ത്തനമികവേറിയ വിദ്വാനെ ആവാഹിക്കുന്നതില്‍ നേരിടുന്ന ക്ലേശങ്ങളും സങ്കടങ്ങളും ഉണര്‍ത്തിക്കുന്നതിനായിട്ടായിരുന്നു മേപ്പടി വത്സന്മാര് എഴുന്നള്ളിയത് എന്ന് അരുള്‍ ചെയ്തു കൊള്ളുന്നു.
സംഗതി എന്താച്ചാല് ഈ അശ്രീകരം വിസ്റ്റയെ മാറ്റി എക്സിപിയെ പ്രതിഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേവീ കോപം! സ്ക്രീനിലാകെ നീലനിറം (ബ്ലൂ സ്ക്രീന്‍)! ശിവ! ശിവ! കൂട്ടത്തില്‍ ഒരു എറര്‍ മെസ്സേജും. സംഗതി ഒരു കാരണവശാലും മുന്നോട്ട് പോകില്ല്യാത്രേ. പെട്ടി പെട്ടെന്ന് അടച്ചു കൊള്ളാന്‍ ഒരു താക്കീതും :)
സംഗതി വിസ്റ്റ മാറ്റി എക്സ് പി വിന്യസിക്കല്‍ പലതവണ ആയപ്പോള്‍ വല്ലപ്പളും പച്ചരി വാങ്ങാന്‍ തുട്ട് കിട്ടണ വകുപ്പാണെങ്കിലും സംഗതി ഒരു പോസ്റ്റങ്ങട് ആക്യാല്‍ പലര്‍ക്കും പ്രയോജനപ്പെടുമല്ലോ എന്ന ചിന്തവന്നതിനാല്‍ ഈ സംഗതികളെക്കുറിച്ച് ചില സംഗതികള്‍ അങ്ങ്ട് എഴുതുന്നു എന്ന് മാത്രം. (ഇനിയങ്ങ്ട് മംഗ്ലീഷില്‍ പറഞ്ഞാലേ സംഗതി നടക്കൂ. പരിഭാഷ ഉണ്ടായിരുന്നതല്ല).
വിന്‍ഡോസ് വിസ്റ്റ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു വരുന്ന നോട്ട് ബുക്കുകള്‍ ഉപയോഗിക്കുന്ന പലരും വിസ്റ്റ മാറ്റി എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടു വരുന്നുണ്ട്. വിസ്റ്റ ഉപയോഗിക്കാനുള്ള പ്രയാസവും എക്സ് പി ഉപയോഗിക്കാനുള്ള എളുപ്പവുമാണിതിന് കാരണം. എന്നാല്‍ മിക്ക നോട്ട്ബുക്കുകളിലും എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തതായി കാണപ്പെടുന്നുണ്ട്. ഇന്സ്റ്റലേഷന് പുരോഗമിക്കുമ്പോള്‍ പെട്ടെന്ന് എറര്‍ മെസേജുമായി ബ്ലൂ സ്ക്രീന്‍ പ്രത്യക്ഷമാകുക, ഹാര്‍ഡ് ഡിസ്ക് കാണപ്പെടുന്നില്ല എന്ന മെസേജ് വരിക തുടങ്ങിയവയൊക്കെ ആയിരിക്കും പ്രശ്നങ്ങള്‍.എന്താണിതിന് കാരണം?
പുതിയ കമ്പ്യൂട്ടറുകളിലെല്ലാം ഉപയോഗിക്കുന്നത് പരമ്പരഗത IDE ഹാര്‍ഡ് ഡിസ്കിന് പകരം സീരിയല്‍ ATA അഥവാ SATA ഹാര്‍ഡ് ഡിസ്കുകളും അവയെ നിയന്ത്രിക്കുന്ന SATA കണ്ട്രോളറുകളുമാണ്. അശ്ശശ്ശോ! അങ്ങനെ പറഞ്ഞാ ഇപ്പോ എങ്ങനാ?
എന്നാല്‍ ദേ ദിങ്ങനെ പറയാം.
പ്രോസസര്‍, മെമ്മറി, വീഡിയോ കാര്‍ഡ് അങ്ങനെ നമ്മുടെ കമ്പ്യൂട്ടറിന്റെ പല ഭാഗങ്ങളും കാലാകാലത്ത് രൂപവും ഭാവവും മാറി പുതിയ പുതിയ വേഗങ്ങള്‍ കൈവരിച്ചപ്പോള്‍ ഒരു പ്രധാനസംഗതി മാത്രം അവഗണിക്കപ്പെട്ടു കിടന്നു. അതത്രേ ഹാര്‍ഡ് ഡ്രൈവ്! പുത്തന്‍ കമ്പ്യൂട്ടറുകളില്‍ പോലും അടിസ്ഥാന ഹാര്‍ഡ് ഡ്രൈവുകളായിരുന്നു നമുക്ക് കാണാനായി കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹാര്‍ഡ് ഡ്രൈവില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. സ്പിന്‍ഡിലുകലുടെ കൂടുതല്‍ വേഗത, വലിയ ക്യാഷെ, കൂടുതല്‍ വേഗതയില്‍ വിവരകൈമാറ്റം, കൂടുതല്‍ പ്രവര്‍ത്തനക്ഷമത, കുറഞ്ഞ വൈദ്യുതോപയോഗം അങ്ങനെ കുറേയെറെ മാറ്റങ്ങള്‍.
മിക്ക കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത് ATA (Advanced Technology Attachment)
ടൈപ് ഡ്രൈവുകള്‍ അഥവാ IDE (Integrated Drive Electronics) ഡ്രൈവുകള്‍ ആയിരുന്നു. 16 ബിറ്റ് പാരലല്‍ ഇന്റര്‍ഫേസില്‍ അധിഷ്ടിതമായ ഈ സ്റ്റാന്‍ഡേഡ് രൂപം കൊള്ളുന്നത് 1986 ല്‍ ആണ്. ഇതില്‍ തന്നെ സ്പീഡും സൈസും വര്‍ദ്ധിപ്പിക്കുന്ന നിരവധി പരിണാമങ്ങള്‍ പിന്നീടുണ്ടായി. ഏറ്റവും പുതിയ സ്റ്റാന്‍ഡേഡ് ATA-7 രണ്ടായിരത്തിഒന്നില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്. 133MB/sec വരെ ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഈ സ്റ്റാന്‍ഡേഡ് ആണ് ATA യിലെ അവസാന അപ്ഡേറ്റ്.
അക്കാലയളവില്‍ തന്നെ ATA സ്റ്റാന്‍ഡേഡ് അതിന്റെ പരിമിതികളുടെ പാരമ്യത്തിലെത്തിയിരുന്നു. ഒരു പാരലല്‍ കേബിള്‍ വഴി 133MB/sec കടത്തിവിടുമ്പോള്‍ ഉളകുവാകുന്ന പ്രശ്നങ്ങള്‍ അനവധിയായിരുന്നു. അങ്ങനെ ഇന്ഡസ്ട്രിയിലെ നേതാക്കളെല്ലാം ഒത്തു കൂടി പുതിയ ഒരു സ്റ്റാന്‍ഡേഡിന് രൂപം കൊടുത്തു. അതാണ് SATA അഥവാ Serial ATA.
രൂപം കൊണ്ടിട്ട് കുറച്ച് കാലമേ ആയുള്ളുവെങ്കിലും വളരെയധികം ഗുണമേന്മയും പ്രവര്‍ത്തനമികവും ഉള്ളതായതിനാല്‍ SATA വേഗത്തില്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് ആയി മാറി. ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് കൂടുതല്‍, നല്ല പവര്‍മാനേജ്മെന്റ് തുടങ്ങി IDE യെക്കാളും എന്തുകൊണ്ടും വളരെ മികച്ചതാണ് SATA.
കൂടുതല്‍ അറിയാന്‍ അതത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇനി നമുക്ക് പ്രശ്നത്തിലേക്ക് വരാം. ഇന്നത്തെ ലാപ് ടോപിലെല്ലാം SATA സ്റ്റാന്‍ഡേഡ് ആണ് ഉപയോഗിക്കുന്നത് . ആദ്യമൊക്കെ വിലപിടിച്ചതായിരുന്നെങ്കിലും ഇന്ന് വില വളരെ തുഛമായതും വേഗതയും ബാറ്ററി ലൈഫിന് അനുയോജ്യമായതും ഒക്കെയാണ് SATA വ്യാപകമാകാന്‍ കാരണം. മിക്ക ലാപ്ടോപ്പുകളും SATA HDD കണ്ട്രോളര് ആക്റ്റീവ് ആക്കിയായിരിക്കും പുറത്തിറങ്ങുക. എക്സ് പിയാകട്ടെ SATA കണ്ട്രോളറിന് ചേരുന്ന ഡ്രൈവറുകള്‍ നല്‍കുന്നുമില്ല. ഇതാണ് എക്സ് പി ഇന്സ്റ്റലേഷന് തടസ്സപ്പെടാനുള്ള കാരണം.
ഈ പ്രശ്നത്തിന് രണ്ട് രീതിയില്‍ പരിഹാരം കാണാം.
1. BIOS സെറ്റപ്പില്‍ SATA ഡിസേബിള്‍ ചെയ്തതിന് ശേഷം വിന്‍ഡോസ് എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നീട് SATA വിന്‍ഡോസില്‍ നിന്ന് കൊണ്ട് SATA എനേബിളാക്കുക.
2. വിന്‍ഡോസ് എക്സ് പി സി ഡിയില്‍ SATA ഡ്രൈവര്‍ കൂടി സംയോജിപ്പിച്ച് ഒരു ബൂട്ടബിള്‍ സി ഡി ഉണ്ടാക്കി അതില്‍ നിന്ന് ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. (Sliptream).
KOLLAMALLO POST
മറുപടിഇല്ലാതാക്കൂ